Posts

Showing posts from August, 2019

പ്രിയമുള്ളവന് (2)

Image
പ്രിയമുള്ളവനേ.. ഇന്ന് എന്റെ ആകാശം ശൂന്യമാണ് ! നക്ഷത്രങ്ങൾ കണ്ണടച്ചിരുന്നു. എൻറെ ഹൃദയത്തിന്റെ ശ്രീകോവിലിൽ നിനക്കായി തെളിച്ച ഒരു നെയ്ത്തിരി വെളിച്ചം മാത്രം മിഴിപൂട്ടാതെ നിന്നെ കാത്തിരിക്കുന്നു! നമ്മൾ നടന്നു കൊതിതീരാത്ത വഴികളിൽ ഇന്ന് ഞാൻ തനിയെ വീണ്ടും നടക്കുമ്പോൾ നിലാവും കുളിർകാറ്റും അന്യമായിരിക്കുന്നു. എന്റെ ഓരോ കാൽചുവടിലും നിന്റെ അദൃശ്യ സാന്നിധ്യം ഞാനറിയുന്നു. എങ്കിലും എന്നോടൊപ്പം ഉണ്ടായിരുന്ന നിന്റെ കരുതൽ എനിക്കറിയുവാനാകുന്നില്ല. എനിക്കറിയാം ഈ ഭൂമിയുടെ മറ്റൊരു കോണിൽ പലവിചാരങ്ങൾ നിന്നെ വേട്ടയാടുമ്പോഴും ഞാൻ തെളിച്ചൊരു വിളക് എന്നെ പ്രതീക്ഷിച്ച കെടാതെ തെളിയുന്നു എന്ന്. ആ നുറുങ്ങു വെട്ടത്തിന്റെ ശോഭ നിന്റെ കണ്ണുകളിൽ തേജസായി ജ്വലിക്കുന്നു. എന്നെ മറന്നൊരുമാത്ര നിനക്കന്യമാകുന്നു. നിര്നിദ്രമായ ഈ നിശീഥിനിയെ സാക്ഷിയാക്കി ഞാൻ നിനക്കായി കാത്തിരിക്കുമ്പോൾ ഞാൻ അറിയുന്നു എന്റെ സിരകളിൽ എന്നപോൽ നിന്നിലും എന്റെ പ്രണയത്തിന്റെ ലഹരി ഒഴുകുന്നു.

പ്രിയമുള്ളവന് (1)

Image
പ്രിയമുള്ളവനെ... എൻറെ ചിന്തകൾ നിന്നിലേക് ചിതറുന്നു, എന്റെ സന്ധ്യകൾ ചുവന്നു തുടുക്കുന്നു, ചുറ്റും മുകിൽമാലകൾ പെയ്തൊഴിയുന്നു, രാത്രികൾ നിലാവ് തൂകുന്നു, കാറ്റിന് ചന്ദനം മണക്കുന്നു.. പ്രകൃതിയുടെ കൗതുകങ്ങൾ എന്നിലും നിറഞ്ഞിരിക്കുന്നു. അതേ നീ  എൻറെ സിരകളിൽ പ്രണയമായി പടർന്നു കയറിറിയിരിക്കുന്നു. നീ എനിക്ക് ലഹരിയും ജീവന്റെ താളവുമായി തുടിച്ചു തുടങ്ങിയിരിക്കുന്നു. പ്രിയമുള്ളവനെ.. എന്റെ മൗനം നിന്നെ തിരയുന്നു, എന്റെ വാചാലത നിന്റെ സാന്നിധ്യം ഘോഷിക്കുന്നു. എൻറെ വേനലുകൾ  അഗ്നിശുദ്ധി ചെയ്യപ്പെട്ടിരിക്കുന്നു. ഏകാന്തതയുടെ ചങ്ങലകെട്ടുകൾ അഴിഞ്ഞു പോയിരിക്കുന്നു. നിന്റെ കൺകോണിന്റെ കടാക്ഷത്താൽ എന്റെ ഹൃദയ തന്ത്രികൾ പാടുന്നു. അറുതി കഴിഞ്ഞ പടം പോലെ ഞാൻ നിനക്കായി ഒരുങ്ങിയിരിക്കുന്നു... എന്നും പ്രണയത്തോടെ...