ടി. ഡി രാമകൃഷ്ണൻറെ "ഫ്രാൻസിസ് ഇട്ടിക്കോര" - പുസ്തക പരിചയം
ഇട്ടിക്കോര ഒരു ചരിത്രമാണോ? "ഇത് ചരിത്രമല്ല, കേട്ടുകേഴ്വികളും കെട്ടുകഥകളും നുണകളും ചേർത്ത് ഒരു കഥ പൊലിപ്പിച്ചെടുക്കാനുള്ള ശ്രമം മാത്രം..." എന്ന് കഥാകാരൻ പറയുമ്പോഴും 'ചരിത്രമായിക്കൂടെ?' എന്ന് നമ്മൾ ചിന്തിച്ച് പോകുന്നു. പലപ്പോഴായി ഡാൻ ബ്രൗൺ നെ പോലെയുള്ള ആംഗലേയ എഴുത്തുകാർ നമ്മെ പരിചയിപ്പിച്ച ആഖ്യാന രീതി. മലയാള സാഹിത്യത്തിന് അത്ര പരിചിതം അല്ലെങ്കിലും സാഹിത്യാസ്വാദകർക്ക് പരിചിതമായ രീതി. പുസ്തകത്തിലുടനീളം കുന്നംകുളത്തെ അതി പ്രഗത്ഭനായ ഇട്ടിക്കോര എന്ന കുരുമുളക് കച്ചവടക്കാരനെ തിരയുമ്പോൾ, അതിലേക്കുള്ള വഴി നരമാംസത്തോടും രക്തത്തോടും കാമത്തോടുമുള്ള അതിശക്തമായ ആർത്തിയും അരാജകത്വവും കൊണ്ട് വായനക്കാരെ അസ്വസ്ഥരാക്കി, ഭീതിപ്പെടുത്തി ഇതുവരെ നമ്മൾ പരിചയിച്ചിട്ടില്ലാത്ത പഥങ്ങളിലേക്കു നയിക്കുന്നു. ഇത്ര ഭീകരമായൊരു നരമാംസ ആസ്വാദനം ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല. ഉണ്ടെങ്കിൽ തന്നെ അത് അത്യപൂർവമാകാനേ വഴിയുള്ളു. ഒരു കെട്ടുകഥയെ ഒരു സമൂഹത്തിനു പകർന്നു കൊടുക്കുമ്പോൾ അതിനു വിശ്വാസ്യതയും കഥ പറയുന്ന സാഹചര്യവുമായി ബന്ധവും ഉണ്ടാകണം. വാസ്കോഡഗാമക്ക് മുൻപേ ഫ്ലോറെൻസിൽ പോയി കച്ചവടം...